27 Jul

ഏകദേശം 24 വർഷങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ 22 ഡിസംബർ 2000, വെള്ളിയാഴ്ചയാണ്  ആദ്യമായി "ദേവദൂതൻ" എന്ന സിനിമ കാണുന്നത്. മാവേലിക്കരയിൽ റിലീസ് ഉണ്ടായിട്ടും ഞങ്ങൾ കുറച്ചു കൂട്ടുകാർ കരുനാഗപ്പള്ളിയിലെ TNP തീയേറ്ററാണ് ഈ സിനിമ കാണാനായി തിരഞ്ഞെടുത്തത്. Dolby Sound System ആദ്യമായിട്ട് ആ തിയേറ്ററിൽ പ്രവർത്തിപ്പിക്കുന്നത് ഈ "ദേവദൂതൻ" ഷോയോട് കൂടിയാണ് എന്ന അറിവാണ് ഞങ്ങളെ അവിടേക്ക് എത്തിച്ചത്.  ആ ശബ്ദമികവ് ആസ്വദിക്കാനായി ഞങ്ങൾ വൈകുന്നേരം നേരത്തെ തന്നെ അവിടെ എത്തുകയും അടച്ചിട്ട ഗേറ്റിന് മുന്നിൽ നിലയുറപ്പിക്കുകയും ചെയ്തു. വലിയൊരു പുരുഷാരം തന്നെയുണ്ടായിരുന്നു അവിടെ ആ സമയം. അപ്പോഴാണ് ഞങ്ങൾ അറിയുന്നത് രാവിലെയും ഉച്ചക്കുമുള്ള രണ്ട് പ്രദർശനങ്ങൾ ‘ഫിലിം പെട്ടി’ സമയത്തിന് എത്താതെ പോയത് കൊണ്ട് ഉണ്ടായിരുന്നില്ല എന്നുള്ള കാര്യം. ചുരുക്കം പറഞ്ഞാൽ "ദേവദൂതൻ" ഞങ്ങൾക്ക് FDFS ആയി മാറി. ചായയും പഴംപൊരിയുമൊക്കെ  കഴിച്ചു സമയം തള്ളി നീക്കി. 5.45 ആയപ്പോഴേക്കും ഗേറ്റ് തുറക്കുകയും ഞങ്ങളുടെ കൂട്ടത്തിലെ യോദ്ധാക്കൾ തന്ത്രപൂർവം നുഴഞ്ഞു കയറി ടിക്കറ്റ് എടുക്കുകയും ചെയ്തു. 

'Summer in Bethlehem' പോലെ ഒരു അടിച്ചുപൊളി സിബി മലയിൽ ചിത്രം കാണാൻ പോയ ഞങ്ങൾക്ക് ഒട്ടും പ്രതീക്ഷിക്കാത്ത തുടക്കമായിരുന്നു ലഭിച്ചത്. മോഹൻലാലിന്റെ ശബ്ദം, തുടർന്ന് "എന്തരോ മഹാനുഭാവുലു" എന്ന ത്യാഗരാജ സ്വാമികളുടെ കീർത്തനത്തിന്റെ വിദ്യാസാഗർ രൂപം. പിന്നീട് മോഹൻലാൽ – ജഗദീഷ് ടീമിന്റെ ചെറിയ തമാശകളും, മറ്റുള്ളവരുമായിട്ടുള്ള സംഘട്ടനരംഗങ്ങളുമായി സിനിമ മുന്നോട്ട് നീങ്ങി. വിശാൽ കൃഷ്ണമൂർത്തി താൻ നേരത്തെ പഠിച്ചിരുന്ന കോളേജിൽ എത്തുന്നതോടു കൂടി ദേവദൂതന്റെ ദിശ തന്നെ മാറുന്ന കാഴ്ചയാണ് പിന്നെ ഞങ്ങൾ കണ്ടത്. "പൂവേ പൂവേ പാലപ്പൂവേ" എന്ന ഗാനവും അതിൽ മോഹൻലാൽ സ്ലോ മോഷനിൽ ഓടി വരുന്നതും ചില ഡാൻസ് സ്റ്റെപ്പുകൾ ചെയ്യുന്നതുമൊക്കെ നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകർ വരവേറ്റത്. 

എന്നാൽ കഥ അതിന്റെ അടുത്ത ഘട്ടത്തിൽ എത്തിയപ്പോൾ ഞങ്ങൾ പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു തലത്തിലേക്ക് “ദേവദൂതൻ” എത്തുകയായിരുന്നു. ഒരു പക്ഷെ അത് തന്നെയായിരിക്കണം ഈ സിനിമ അന്ന്  ഭൂരിപക്ഷത്തിനും ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണം. "എൻ ജീവനെ" എന്ന ഗാനം പോലും അന്ന് തിയേറ്ററിൽ വലിച്ചു നീട്ടിയപോലെ തോന്നി, ഒപ്പം കൂവലും. ഇടക്കുള്ള ചില ഉദ്വെഗജനകമായ രംഗങ്ങളും, സംഘട്ടനങ്ങളും ഒഴിച്ച് നിർത്തിയാൽ “ദേവദൂതൻ” അന്ന് ആൾക്കാരെ അല്പം മുഷിപ്പിച്ചതായിത്തന്നെ തോന്നി. "കരളേ നിൻ കൈ പിടിച്ചാൽ" തിരശ്ശിലയിൽ വന്നപ്പോഴും അത്ര പോസിറ്റീവ് ആയിരുന്നില്ല ആൾക്കാരുടെ പ്രതികരണം. പുതിയ ആൾക്കാരുടെ 'review'-വിൽ പറയുംപോലെ "climax predictable" ആയതും സിനിമയെ ബാധിച്ചിരുന്നു. “ദേവദൂതൻ” കണ്ടിറങ്ങിയപ്പോൾ നിർത്താതെയുള്ള കൂവൽ ഞങ്ങൾ കേട്ടു. എന്റെ ഒപ്പമുണ്ടായിരുന്നവർക്കും ഈ ചിത്രം നന്നായി തോന്നിയില്ല. എല്ലാവരുടെയും മുഖങ്ങൾ മ്ലാനമായിരുന്നു. പിന്നീട് , പല ചർച്ചകളിലും ഈ സിനിമ സജീവമായി എത്തി. പാട്ടുകൾ എക്കാലത്തെയും ഹിറ്റുകളായി മാറി. 

പന്തളം കോളേജിലെ ഇംഗ്ലീഷ് സെമിനാറിൽ അതിഥിയായി എത്തിയ രഘുനാഥ് പലേരി സാറിനോട് ഏറ്റവും കൂടുതൽ ആൾക്കാർ ചോദിച്ചത് രണ്ട് ചിത്രങ്ങളെക്കുറിച്ചായിരുന്നു – “പിൻഗാമി”-യും “ദേവദൂത”-നും. എന്ത് കൊണ്ട് “ദേവദൂതൻ” പരാജയപ്പെട്ടു എന്നതിന് ഒരു ഉത്തരമില്ലാതെ പോയി. ചിലർ പറഞ്ഞത് കാലത്തിന് മുന്നേ എത്തിയ സിനിമയാണ് എന്നാണ്, മറ്റ് ചിലർ കഥ ‘convince’ ആയില്ല എന്ന് പറഞ്ഞു, ചില രംഗങ്ങൾ ഏച്ചു കെട്ടിയപോലെ ആയിപ്പോയി എന്നഭിപ്രായവും ഉണ്ടായി...അന്നത്തെ പ്രേക്ഷകർക്ക് ആ തീം ഉൾക്കൊള്ളാൻ കഴിഞ്ഞില്ല എന്ന് ഞാനുൾപ്പടെയുള്ളവർ വിശ്വസിച്ചു. എന്തൊക്കെയായാലും അന്ന് "തെങ്കാശിപ്പട്ടണം" എന്ന സിനിമയോട് പരാജയപ്പെടാനായിരുന്നു “ദേവദൂതന്റെ” വിധി. 

മോഹൻലാൽ, സിബി മലയിൽ, രഘുനാഥ് പലേരി, വിദ്യാസാഗർ, സന്തോഷ് തുണ്ടിയിൽ , ജയപ്രദ, അങ്ങനെ ഒരുപാട് പേരുടെ മികച്ച പ്രകടനങ്ങൾ കൊണ്ട് സമ്പന്നമാണ് “ദേവദൂതൻ”. ഞാൻ കുട്ടികളോടൊപ്പം നാടകങ്ങൾ കോളേജിൽ അവതരിപ്പിക്കുമ്പോഴൊക്കെയും വിദ്യാസാഗർ ഈണമിട്ട "എന്തരോ മഹാനുഭാവുലു" വെച്ചാണ് ആരംഭിച്ചിട്ടുള്ളത്. ആ ‘composition’ തരുന്ന ഒരു 'positive energy' വളരെ വലുതാണ് . പലരോടും സംസാരിക്കുമ്പോൾ അവരൊക്കെയും “ദേവദൂതനെ”-ക്കുറിച്ചു വാചാലരാകാറുണ്ടായിരുന്നു. അത് കൊണ്ടൊക്കെത്തന്നെയും ഈ ചിത്രം 're-release' ചെയ്യുന്നു എന്നറിഞ്ഞപ്പോൾ മുതൽ ആഗ്രഹമായിരുന്നു അത് വീണ്ടും വലിയ സ്‌ക്രീനിൽ കാണണമെന്നുള്ളത്. ഒരു പക്ഷെ, ഇത് കാലം കാത്തു വെച്ച നീതിയാകണം. 

ഇന്നലെ പുതിയ തലമുറയോടൊപ്പം “ദേവദൂതൻ” 24 വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ വളരെ അഭിമാനം തോന്നി. "അയ്യാൾ സംഗീതത്തിന്റെ രാജാവാണ്", "ആർക്കോ ആരോടോ എന്തോ പറയാനുണ്ട്" (Someone wants to say something to someone), തുടങ്ങിയ സംഭാഷണങ്ങൾക്കും, പാട്ടുകൾക്കും, പ്രകടനങ്ങൾക്കുമൊക്കെ നിറഞ്ഞ കയ്യടി ഇന്നലെ തിയേറ്ററിൽ മുഴങ്ങിയപ്പോൾ എന്തെന്നില്ലാത്ത ആഹ്ളാദം  തോന്നി. മികച്ച രീതിയിൽ Atmos മിക്സിങ്ങും, റീമാസ്റ്ററിങ്ങും ചെയ്ത് ഒരു 'edited' പതിപ്പായ പുതിയ “ദേവദൂതൻ” പ്രേക്ഷകർക്ക് 'ultimate theatre experience' തന്നെയാണ് സമ്മാനിക്കുന്നത്. ആദ്യ “ദേവദൂതൻ” കാണുമ്പോൾ എന്നോടൊപ്പം ഇല്ലാതിരുന്ന രണ്ട് പേർ - രാജിയും അച്ചുവും അവരോടൊപ്പം ‘ഇന്ന്’ ഈ സിനിമ കാണാൻ കഴിയുന്നു എന്നത് ഒരു സന്തോഷമാണ്. ഒരു 'epilogue' പോലെ ചിത്രത്തിന്റെ അവസാനം 'എന്തരോ മഹാനുഭാവുലു' എന്ന കീർത്തനം ഒരിക്കൽ കൂടി സ്‌ക്രീനിൽ നിറഞ്ഞപ്പോൾ കയ്യടികൾ മാത്രമായിരുന്നു എന്റെ കാതുകളിൽ അലയടിച്ചത്. സിയാദ് കോക്കറിനും, സിബി മലയിലിനും നന്ദി.... പഴയ കാലത്തേക്ക് ഒരിക്കൽ കൂടി ഞങ്ങളെ കൊണ്ട് പോയതിന്... ചില സിനിമകൾ അങ്ങനെ ആണ്, കാലത്തിനുമപ്പുറം സഞ്ചരിക്കുന്നവ, അതിന്റെ വീര്യം കൂടിക്കൊണ്ടേയിരിക്കും. 'The Alchemist' എന്ന നോവലിൽ പറയുംപോലെ “Everyone on earth has a treasure that awaits him”... ഒരു പക്ഷെ “ദേവദൂതൻ” എന്ന നിധിയെ കാത്തിരുന്നത് ഇന്നത്തെ സമൂഹമായിരിക്കാം...നമുക്കത് ആസ്വദിക്കാം, ആഘോഷിക്കാം.  

സ്നേഹപൂർവ്വം 

രഞ്ജിത്ത് കൃഷ്ണൻ 

Comments
* The email will not be published on the website.