കുട്ടിക്കാലത്തെ ഏറ്റവും തിളക്കമുള്ള ഓർമകളിൽ ഒന്നാണ് ആലിൻ്റെ മുക്കിലെ ഒരു കടമുറിയും, അതിലെ വിശാലമായ രണ്ടു കണ്ണാടികളും പിന്നെ സദാസമയം പ്രസന്നതയോടെ നിൽക്കുന്ന സുന്ദരനായ ആളും - നാരായണൻകുട്ടി ചേട്ടൻ. ആദ്യ കാലത്തു, കുട്ടിയായ എന്നെ വീട്ടിൽ വന്നാണ് അദ്ദേഹം തലമുടി വെട്ടി തന്നിരുന്നത്. പിന്നീട് അത് കടയിലേക്ക് മാറി. എപ്പോഴും മുറുക്കുന്ന, ധാരാളം സംസാരിക്കുന്ന നാരായണൻകുട്ടി ചേട്ടനായിരുന്നു പള്ളിക്കലെ ഞങ്ങളുടെ എല്ലാവരുടെയും ഹെയർ സ്റ്റൈലിസ്റ്റ്. ഞങ്ങളുടെ സ്വന്തം John Frieda, Jawed Habib, etc. ഞായറാഴ്ചകളെ അന്ന് ഞാൻ വെറുത്തിരുന്നു കാരണം അന്നാണ് കടയിൽ ഏറ്റവും തിരക്കുള്ള ദിവസം. മാതൃഭൂമി പത്രമൊക്കെ വായിച്ചു മുടി വെട്ടാൻ വരുന്നവരെയൊക്കെ നോക്കി ഊഴം കാത്തിരിക്കും. അപ്പോഴായിരിക്കും ഏതെങ്കിലും ഒരു VIP എത്തുന്നത്. "മോനെ, ഞാൻ ഇദ്ദേഹത്തിനെ ഒന്ന് വിട്ടോട്ടേ". ഇഷ്ടമല്ലെങ്കിലും ആ സ്നേഹത്തോടെ ഉള്ള ചോദ്യത്തിന് മുമ്പിൽ ഞാൻ എന്നും സമ്മതിച്ചുപോകുമായിരുന്നു. പക്ഷെ ആ കാത്തിരിപ്പും രസകരമായിരുന്നു. നാട്ടിലെ പല വാർത്തകൾ, ദേശീയ, അന്തർദേശീയ വിഷയങ്ങൾ എല്ലാം ഞാൻ അവിടെ കേട്ടു.
അദ്ദേഹത്തിൻ്റെ കയ്യിലെ ഉപകരണങ്ങൾ അന്നൊരു അദ്‌ഭുതമായിരുന്നു. കുപ്പിയിൽ spray ചെയ്യാനുള്ള വെള്ളം, പലതരം കത്രികകൾ, cuticura powder, അങ്ങനെ എന്തെല്ലാം. ഏറ്റവും കൗതുകം ഉണ്ടായതു ഒരു വശം കത്തി പോലെയും, മറുവശം ചീപ്പ് പോലെയും ഉള്ള കത്രിക കണ്ടപ്പോഴാണ്. അതായിരുന്നു എൻ്റെ ഓർമയിലെ ആദ്യ trimmer. അത് വെച്ച് മുടി വെട്ടുമ്പോഴുള്ള ശബ്ദവും, feel, ഒക്കെ രസമായിരുന്നു. അങ്ങനെ ഉള്ള ഒരു കാലത്താണ് അച്ഛൻ പറയുന്നത് നിൻ്റെ hair style പുറകോട്ടു ചീകുന്ന പോലെ ആക്കി നോക്കൂ എന്ന്. ധ്രുവത്തിലെ നരസിംഹ മന്നാടിയാരെ സ്വപ്നം കണ്ടു ഞാൻ എൻ്റെ ആഗ്രഹം നാരായണൻകുട്ടി ചേട്ടനെ അറിയിച്ചപ്പോൾ അങ്ങനെ ചെയ്തു തന്നു അദ്ദേഹം. അങ്ങനെ കുട്ടികാലത്തെ ആദ്യ പരീക്ഷണത്തിനും അദ്ദേഹം കാരണമായി. പിന്നീട് പല കാര്യങ്ങൾ കൊണ്ട് അദ്ദേഹത്തിന് കൃത്യമായി കടയിൽ വരാൻ കഴിയാതായപ്പോൾ ഞാനും അവിടെ നിന്നും മാറി.
വർഷങ്ങൾക്കുശേഷം കല്യാണം വിളിക്കാൻ ചെന്നപ്പോഴും, പല പ്രാവശ്യം വഴിയരികിൽ കാണുമ്പോഴുമൊക്കെ ആ സ്നേഹത്തിനും കരുതലിനും യാതൊരു മാറ്റവും ഉണ്ടായില്ല. ഇന്നലെ അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു എന്ന വാർത്ത അറിയുമ്പോൾ ഞാൻ തിരിച്ചറിയുന്നു, കാലത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട കണ്ണിയാണ് ഇല്ലാതായിരിക്കുന്നത്. പല തലമുറകളെ അറിഞ്ഞ വ്യക്തി. മറക്കില്ല ഒരിക്കലൂം. ആ ചിരിയും, സ്നേഹവും, ഒപ്പം ആ ലോകവും.... പ്രിയപ്പെട്ട നാരായണൻകുട്ടി ചേട്ടന് ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ട് നിർത്തട്ടെ.
സ്നേഹപൂർവ്വം
രഞ്ജിത്ത് കൃഷ്ണൻ