ജനുവരി 26, 2000 - കൃത്യം ഇരുപതു വർഷങ്ങൾക്ക് മുമ്പ്...അന്നൊരു ബുധനാഴ്ച. നായക സങ്കൽപ്പങ്ങളുടെ പൂർണത എന്ന പരസ്യവാചകവുമായി ഷാജി കൈലാസ് - രഞ്ജിത്ത് - മോഹൻലാൽ കൂട്ടുകെട്ടിന്റെ 'നരസിംഹം' റിലീസ് ആണ്. അക്കാലത്തു രണ്ടു സൂപ്പർ താരങ്ങളുടെയും സിനിമകൾ ആദ്യ ദിവസം കാണുന്ന (ദു)ശീലം ഞങ്ങൾക്ക് ഉണ്ട്.
ജ്യോതിഷ്, ദിലീപ്, മനു, വിനോദ്, ഞാൻ പിന്നെയും ഉണ്ട് ആൾക്കാർ... ഞങ്ങൾ പത്രത്തിനായി കാത്തിരുന്നു. അതെ ഉണ്ട്, ഞങ്ങളുടെ പ്രിയപ്പെട്ട തിയേറ്റർ ആയ മാവേലിക്കര പ്രതിഭയിൽ 'നരസിംഹം'. പക്ഷെ പിന്നെയാണ് ഞെട്ടിയത്. രാവിലെ അവിടെ ഷോ ഇല്ല കാരണം ആ സമയത്തു കലാഭവൻ മണിയുടെ 'വാസന്തിയും ലക്ഷ്മിയും ...' തകർത്തു ഓടുകയാണ്. അത് കൊണ്ട് 'നരസിംഹം' മൂന്ന് ഷോ മാത്രം.
പിന്നെന്താ ചെയ്യുക...നേരെ പോയേക്കാമെന്നു കരുതി, കരുനാഗപ്പള്ളി ചിത്രാഞ്ജലിയിലേക്കു (ഇപ്പോൾ അത് 'ഖാൻസ്' ആണ്). ആ സമയം ഹൈവേ പണി നടക്കുകയാണ്, കിട്ടിയത് ഓർഡിനറി ബസ്സും. എങ്കിലും ഒന്നാം ദിവസം ഒരു സിനിമ കാണുന്നതിൻറെ ‘thrill’ ഞങ്ങളെ മുന്നോട്ടു നയിച്ചു. അവിടെ എത്തിയപ്പോൾ നിറയെ ആൾക്കാർ ... എങ്ങനെയോ അവിടെ ഒരു ലൈനിൽ ഇടം പിടിച്ചു ടിക്കറ്റ് കൈക്കലാക്കി. ലോകം കീഴടക്കിയ സന്തോഷത്തിൽ ഞങ്ങൾ ഹാളിലേക്ക് .
സിനിമ തുടങ്ങി... ആദ്യം ഞെട്ടിയത് കലാഭവൻ മണിക്ക് കിട്ടിയ കയ്യടി കേട്ടപ്പോഴാണ്. വീണ്ടു ഞെട്ടി ... ഞങ്ങൾ കാത്തിരുന്ന നിമിഷം ... മോഹൻലാൽ .... ഒപ്പം “പോ മോനെ ദിനേശാ” എന്ന ഡയലോഗും. പിന്നെ അങ്ങോട്ട് കോരിത്തരിപ്പിച്ച നിമിഷങ്ങൾ... അന്നേവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത ഇൻട്രോ സോങ്.... "ഭൂമിയിൽ നിന്നും...", "കയ്യെടു ഭാസ്കര" എന്ന് കേട്ടപ്പോൾ, കാല് ക്യാമെറയിൽ വെച്ചപ്പോൾ, ജഗതി ശ്രീകുമാറിന്റെ വരവ്, തിലകന്റെ അതിഗംഭീരമായ പ്രകടനം, ഐശ്വര്യത്തിന്റെ പര്യായമായ ഭാരതി, കുസൃതിയുമായി ഐശ്വര്യ, ഘനഗംഭീര ശബ്ദവും, ക്രൗര്യവുമായി N.F. Varghese, "വരണം, വരണം,Mr. ഇന്ദുചൂഡൻ “എന്ന് പറഞ്ഞെത്തിയ ഭീമൻ രഘു, സായികുമാർ, ടി.പി. മാധവൻ, വിജയകുമാർ, കനക, പപ്പു, നരേന്ദ്രപ്രസാദ്, രാജേന്ദ്രൻ, അങ്ങനെ എത്ര പേർ... "പഴനിമല മുരുകന്..." എന്ന ഗാനം തിയേറ്റർ മുഴുവൻ ഇളക്കി മറിച്ചു.
ആഘോഷപൂർവം ഇടവേള. അതിനു ശേഷം വീണ്ടും അത്ഭുതം...മറ്റൊരു ഇതിഹാസം... സാക്ഷാൽ മമ്മൂട്ടി നന്ദഗോപാൽ മാരാർ എന്ന കഥാപാത്രമായി പതിനഞ്ചു മിനുട്ടു നിറഞ്ഞാട്ടം. അവസാനം ക്ലൈമാക്സ് ... പരാതികൾ ഒഴിവാക്കാൻ രക്തരഹിതമായ അവസാനം ചിത്രത്തിന്. കണ്ണും മനസ്സും നിറഞ്ഞു ഞങ്ങൾ ഇറങ്ങിയപ്പോൾ തിയേറ്റർ പരിസരം ആകെ ആഘോഷം.
മലയാളത്തിന്റെ ആദ്യ മാസ് സിനിമ എന്ന് തോന്നിച്ച ചിത്രം... ആശിർവാദ് എന്ന കമ്പനിയുടെ തുടക്കം. തിരിച്ചു ബസ്സിൽ കയറിയപ്പോൾ കേട്ടു, "മോനെ ദിനേശാ, മൂന്ന് കായംകുളം". വീണ്ടും അഞ്ചു വർഷങ്ങൾക്ക് മുമ്പ് ഈ സിനിമ തിയേറ്ററിൽ കണ്ടപ്പോഴും, ടിവിയിൽ ഇന്നും കാണുമ്പോഴും, കോളേജിൽ പ്രദർശിപ്പിച്ചപ്പോഴും ഞാനും എൻ്റെ കൂടെ ഉള്ളവരും ഈ ത്രില്ല് വീണ്ടും അനുഭവിച്ചു.
ഇന്ന് ഇരുപതു വർഷങ്ങൾ കഴിഞ്ഞിട്ടും 'നരസിംഹം' ഒരു മധുരിക്കുന്ന ഓർമയാണ്. ഓരോ സിനിമ ഇറങ്ങുമ്പോഴും വിറളി പിടിച്ച ഫാൻ ആൾക്കാർ അങ്ങോട്ടും ഇങ്ങോട്ടും ഇകഴ്ത്തുമ്പോൾ 'നരസിംഹം' ഒരു ഓർമപ്പെടുത്തലാണ്... സ്‌നേഹത്തിൻറെ, സൗഹൃദത്തിന്റെ, നന്മയുടെ ഒപ്പം ഞങ്ങൾ കൂട്ടുകാർക്കു പോയ നല്ല കാലത്തിന്റെ.... ഒരുപാടു വിമർശനങ്ങൾ വന്നിട്ടും ഈ സിനിമ ഇന്നും ഒരുപാട് പേർ നെഞ്ചോടു ചേർത്ത് വെക്കുന്നു.... തിളങ്ങട്ടെ എക്കാലവും... നന്ദി ഇതിന്റെ ശില്പികൾക്കു... ഒരാഴ്ച തികഞ്ഞപ്പോൾ വന്ന പത്രപ്പരസ്യം പറഞ്ഞു നിർത്തട്ടെ..."മോനെ ദിനേശാ, ഇതാടാ പടം"...
സ്നേഹപൂർവ്വം
രഞ്ജിത്ത് കൃഷ്ണൻ