05 Aug

ഒരാളുടെ ജീവിതത്തിൽ മാർഗദർശികളായിത്തീരുന്ന ഒരുപാട് വ്യക്തികൾ ഉണ്ട്. അതിലേറെയും അദ്ധ്യാപകരാണ് താനും. ഇതിന് മുമ്പും ഞാൻ അങ്ങനെയുള്ളവരെക്കുറിച്ച് എഴുതിയിട്ടുണ്ട്. അതിൽ തന്നെ ചിലർ നമുക്ക് വളരെ special ആയി മാറും. അങ്ങനെ ഒരാളായിരുന്നു നമ്മുടെ ഇടയിൽ നിന്നും വിട വാങ്ങിയ ജോൺ ഫിലിപ്പ് എന്ന JP Sir. തിരുവല്ലയിലെ CSI പള്ളിയിൽ അദ്ദേഹത്തിൻ്റെ  ചരമ ശുശ്രുഷയിൽ പങ്കെടുത്തപ്പോൾ ഒരുപാട് ഓർമ്മകൾ എന്നിൽ തിരതല്ലി. ആരായിരുന്നു എനിക്ക് JP sir? എൻ്റെ  അന്വേഷണം എന്നെ കൊണ്ടെത്തിച്ചത് 22 വർഷം പിറകിലേക്കാണ്. 

2001 ജൂലൈ മാസം അച്ഛനോടൊപ്പം ബിഷപ്പ് മൂർ കോളേജിൽ MA English കോഴ്സിന് അഡ്മിഷൻ എടുക്കാൻ ചെന്നപ്പോൾ ആദ്യം കണ്ട മുഖങ്ങളിൽ ഒന്ന് ജോൺ ഫിലിപ്പ് സാറിൻ്റെതായിരുന്നു. “ഞാൻ John Philip, ഇംഗ്ലീഷ് അദ്ധ്യാപകൻ ആണ്, ഇപ്പോൾ കോളേജിന്റെ വൈസ് പ്രിൻസിപ്പലും”. വളരെ pleasant ആയിത്തോന്നി സാറിന്റെ പെരുമാറ്റം. Smart and energetic, well-dressed, ഒപ്പം കൗതുകം ഉണർത്തുന്ന ഒരു ചിരിയും. എൻ്റെ അച്ഛനും കോളേജ് അദ്ധ്യാപകൻ ആയത് കൊണ്ട് തന്നെയാകണം വളരെ ഹൃദ്യമായിരുന്നു ആ കൂടിക്കാഴ്ച. "PG ഇനി മുതൽ annual അല്ല, semester system ആദ്യമായിട്ട് വരികയാണ്. Assignment, Seminar ഒക്കെയുണ്ട്. ഇയാൾക്ക് അതിനൊക്കെ കഴിയുമോ" എന്നായിരുന്നു സാറിൻ്റെ  ചോദ്യം. അല്പം ഇഷ്ടക്കേട് തോന്നിയെങ്കിലും അതൊക്കെ ചെയ്യാൻ കഴിയുമെന്ന് ധൈര്യപൂർവം വെച്ച് കാച്ചി. അടുത്തത്, കോളേജിൻ്റെ  അവസ്ഥയെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. Guest Lecturers ഒരുപാട് പേരുണ്ട്, അവർക്ക് salary കൊടുക്കണം, പ്രാരാബ്ധങ്ങളുടെ ഒരു നീണ്ട list. ചുരുക്കിപ്പറഞ്ഞാൽ PTA fund ആണ് ഉദ്ദേശ്യം. ഒട്ടും മുഷിപ്പിക്കാതെ ഉള്ള ചോദ്യം ആയത് കൊണ്ട് അതും സമ്മതിച്ച് ഞങ്ങൾ admission process പൂർത്തിയാക്കി. 

എൻ്റെ സുഹൃത്ത് ഹരിയും ഞാനും അങ്ങനെ അവിടെ MA വിദ്യാർത്ഥികളായി മാറി. പിന്നീട് അറിഞ്ഞു, JP Sir ആണ് ഞങ്ങളുടെ warden എന്ന കാര്യം. ഞങ്ങളോട് വളരെ strict ആയിരുന്നു Sir…Attendance, Assignment, Seminar, internal exams, അങ്ങനെ എല്ലാ കാര്യങ്ങളിലും. Seminar presentation കേൾക്കാനായി അദ്ദേഹം എപ്പോഴും എത്തുമായിരുന്നു കൂടെ അന്ന് ഡിപ്പാർട്മെന്റിൽ ഉള്ള മറ്റ് അദ്ധ്യാപകരെയും കൂട്ടും. ചുരുക്കം പറഞ്ഞാൽ ഒരു വലിയ സംഘത്തിൻ്റെ  മുന്നിലായിരുന്നു ഞങ്ങളുടെ പ്രകടനം. Tension കാരണം സെമിനാറിനിടയിൽ ഞങ്ങളിൽ ഒരാൾ ഛർദിക്കുക പോലുമുണ്ടായി. പക്ഷെ അതൊന്നും സാർ കാര്യമാക്കിയില്ല. 

William Wordsworth രചിച്ച "Ode on Intimations of Immortality" ആണ് ആദ്യമായി JP sir ഞങ്ങളെ പഠിപ്പിച്ചത്. വളരെ casual ആയി എന്നാൽ content എന്താണെന്ന് കൃത്യമായി അദ്ദേഹം ഞങ്ങൾക്ക് പറഞ്ഞ് തന്നു. ഇടയ്ക്കെപ്പോഴോ രണ്ട് വരികളുടെ സംശയം ചോദിച്ചപ്പോൾ അതിന് പ്രത്യേകിച്ച് അർത്ഥമൊന്നും ഇല്ല എന്ന് വളരെ സരസമായി പറഞ്ഞു Sir. ഒരു പക്ഷെ JP സാറിന് മാത്രം കഴിയുന്ന ചങ്കൂറ്റം. പിന്നീട് Shaw-യുടെ "Pygmalion", യുജീൻ ഒനീലിൻ്റെ "The Emperor Jones", സോഫോക്ളീസിൻ്റെ “Oedipus Rex”, ഒക്കെയും ഓരോ അനുഭവങ്ങൾ ആയിരുന്നു. “The Emperor Jones” അദ്ദേഹം ഞങ്ങളെ കൊണ്ട് കൂടി വായിപ്പിച്ചു. ആദ്യമായി 'atavism', 'subaltern' തുടങ്ങിയ വാക്കുകൾ ഞങ്ങളുടെ കാതുകളിലേക്ക് സാറിലൂടെ എത്തി. 

ഈ കാലത്താണ് ഞങ്ങൾക്ക് പഠിക്കാനുള്ള കൃതി, ‘The Last of the Mohicans’, Star മൂവീസിൽ വരുന്നു എന്ന കാര്യം സാറിനെ ഞങ്ങൾ അറിയിച്ചത്. കേബിൾ ടിവി അത്ര സാധാരണ അല്ലായിരുന്ന ആ കാലത്ത് ഇതൊരു വലിയ വാർത്ത ആയിരുന്നു. "നിങ്ങൾ എന്തായാലും കാണണം, ഞാനും ഒന്ന് ശ്രമിച്ചു നോക്കാം", എന്ന് പറഞ്ഞു JP സാർ. പിന്നീട് കണ്ടപ്പോൾ സാറിനോട് ഞങ്ങൾ ഇതിനെക്കുറിച്ച് ചോദിച്ചു. വളരെ രസകരമായി സാർ പറഞ്ഞു, ഏകദേശം സിനിമയുടെ സമയം ആയപ്പോൾ സാർ ഒരു ബന്ധു വീട്ടിൽ എത്തിചേർന്നു. പല ചാനലുകൾ മാറ്റി അവസാനം സ്റ്റാർ മൂവീസിൽ എത്തി എന്നാൽ സിനിമ തുടങ്ങും മുമ്പ് തന്നെ അവർ എന്നും കാണുന്ന സീരിയലിന്റെ സമയം ആകുകയും സാറിനെ കൂടെക്കൂട്ടി അത് കാണുകയും ചെയ്തു. അധികം വൈകാതെ അദ്ദേഹം അവിടുന്ന് രക്ഷപ്പെട്ടതായും ഞങ്ങളോട് പറഞ്ഞു. 

അദ്ദേഹത്തോട് ഉള്ള ഇഷ്ടം കൊണ്ട് തന്നെയാകണം ഞാൻ പഠിപ്പിക്കാൻ options കിട്ടിയപ്പോൾ “Immortality Ode”, “The Emperor Jones”, “Oedipus Rex” എന്നീ കൃതികൾ ഒക്കെത്തന്നെ തിരഞ്ഞെടുത്തത്. 

പിന്നീടുള്ള ഏറ്റവും മനോഹരമായ ഓർമ്മ ഞങ്ങൾ നടത്തിയ Hyderabad യാത്ര ആണ്. JP സാറും, ഹരിലാൽ സാറും, പ്രഭ മിസ്സും പിന്നെ ഞങ്ങൾ ഏഴ് പേരും. യാത്രക്കായി പൈസ പിരിക്കാനുള്ള ചുമതല ഞാനും ഹരിയും ഏറ്റെടുത്തു. എന്നാൽ അത് വേണ്ട പോലെ നടക്കുന്നില്ല എന്നും ഹരിലാൽ സാർ പൈസ തന്നില്ല എന്നും പറഞ്ഞു. ഇത് ഞങ്ങൾ അറിയിച്ചപ്പോൾ സാർ ഞങ്ങളോട് ദേഷ്യപ്പെട്ടു. "എത്ര കാലമായി പറയുന്ന കാര്യമാണിത്, വേഗം ശരിയാക്കിയില്ല എങ്കിൽ യാത്ര ഞാൻ cancel ചെയ്യും" എന്ന് സാർ പറഞ്ഞു.  ഈ വാക്കുകൾ കേട്ടപ്പോൾ ആകെ വിഷമത്തിലായിപ്പോയി ഞങ്ങൾ കാരണം ആദ്യമായിട്ടാണ് സാർ  ഞങ്ങളോട് ഈ വിധം സംസാരിച്ചത്. പക്ഷെ അതിനിടയിൽ ഒരു അദ്‌ഭുതം നടന്നു. ഹരിലാൽ സാർ ഞങ്ങൾക്ക് പൈസ തന്നു. വൈകുന്നേരം JP സാറിനെ കണ്ടപ്പോൾ ഞങ്ങൾ സങ്കടം അറിയിച്ചു. ഞങ്ങൾക്ക് വിഷമമായ കാര്യം പറഞ്ഞപ്പോൾ "അതൊക്കെ എൻ്റെ ഒരു വേലയല്ലേ, നിങ്ങൾക്ക്‌ കിട്ടാനുള്ള പൈസ കിട്ടിയത് കണ്ടില്ലേ. അതിനു വേണ്ടിയാണ്‌ ഞാൻ അങ്ങനെ സംസാരിച്ചത്". അക്ഷരാർഥത്തിൽ ഞാനും ഹരിയും ഞെട്ടി കാരണം ജീവിതത്തിലെ മറ്റൊരു പാഠമാണ് സാർ പഠിപ്പിച്ചത്. ഞങ്ങളുടെ യാത്രയിലെ ഒന്നാം ദിവസം ഉണ്ടായ ഒരു പ്രതിസന്ധി തരണം ചെയ്യാൻ സഹായിച്ചതും JP സാർ തന്നെയാണ്. ആവശ്യമില്ലാതെ ഒന്നിനെക്കുറിച്ചും worry ചെയ്യേണ്ട എന്നൊരു വലിയ കാര്യം സാർ ഞങ്ങൾക്ക് പറയാതെ പറഞ്ഞു തന്നു. 

ഹൈദരാബാദിൽ എത്തിയ ആദ്യ ദിനം ഞങ്ങൾ ഷോപ്പിംഗ് പ്ലാൻ ചെയ്തിരുന്നു പക്ഷെ അവിടെയും സാർ ഞങ്ങളെ അദ്‌ഭുതപ്പെടുത്തി. കോട്ടും സ്യൂട്ടും ഒക്കെ ധരിച്ച്  തികഞ്ഞ  ഒരു പ്രൊഫസർ ആയിത്തന്നെ ഞങ്ങളെ അദ്ദേഹം EFLU-വിലേക്ക്  (അന്ന് CIEFL) നയിച്ചു. ഓട്ടോയിൽ യാത്ര ചെയ്യാം എന്ന് കരുതിയ ഞങ്ങളെ അദ്ദേഹം വെയിലത്ത് റോഡിലൂടെ നടത്തി “ചോദിച്ചു, ചോദിച്ചു” ബസ് സ്റ്റോപ്പ് കണ്ടെത്തി ബസിൽ തന്നെ കൊണ്ട് പോയി. അന്നതിൻ്റെ വില മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നാൽ വർഷങ്ങൾക്ക് ശേഷം ഞാൻ അവിടേക്ക് കുട്ടികളെ കൊണ്ട് പോയപ്പോൾ അവിടുത്തെ മുക്കും മൂലയും എനിക്ക് പരിചിതമായിരുന്നു. ഒരു പക്ഷെ JP സാറിൻ്റെ  ദീർഘവീക്ഷണം തന്നെ ആയിരിക്കും അത്. ഞങ്ങൾക്ക് അദ്ദേഹം ഒരു 'taskmaster' തന്നെയായിരുന്നു.

നല്ല മാർക്കോട് കൂടി ഞങ്ങൾ MA Degree pass ആയപ്പോൾ അതിൽ ഏറ്റവും സന്തോഷിച്ചത് സാറായിരുന്നു. അദ്ദേത്തിൻ്റെ  അവസാന ബാച്ച് ആയിരുന്നു ഞങ്ങൾ. പിന്നീട് ജീവിതത്തിൻ്റെ ഓരോ പടവുകൾ കയറിയപ്പോഴും ഞാനും ഹരിയും സാറിനെ പോയിക്കാണുകയും അനുഗ്രഹം തേടുകയും ചെയ്തിരുന്നു. അദ്ദേത്തിൻ്റെ ജീവിതാനുഭവങ്ങൾ, ഓർമ്മകൾ, കുടുംബ കാര്യങ്ങൾ ഒക്കെയും ഞങ്ങളോട് പറഞ്ഞിരുന്നു. ഞങ്ങളുടെ ചെറിയ സ്നേഹസമ്മാനങ്ങൾ ഏറെ സന്തോഷത്തോടെയാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. ഞങ്ങൾ പറഞ്ഞ കഥകൾ, കാര്യങ്ങൾ ഒക്കെ ഒരു കുഞ്ഞു കുട്ടി കേൾക്കുന്ന പോലെ കേട്ടിരുന്നു. എൻ്റെ വിവാഹത്തിന് ഹരിപ്പാട് വരെ എത്തുകയും അന്ന് അദ്ദേഹം നൽകിയ സമ്മാനം ഇന്നും ഒരു നിധി പോലെ ഞാൻ സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. 

കോവിഡ് കാലത്തിനു ശേഷം അദ്ദേഹത്തെ നേരിട്ട് കാണാൻ കഴിഞ്ഞിട്ടില്ല എന്നാലും വിശേഷങ്ങൾ ഒക്കെയും അറിയുന്നുണ്ടായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിൽ Annemiss, JP സാറിൻ്റെ  വിയോഗവർത്ത വിളിച്ചറിയിച്ചപ്പോൾ ഒരു കാലഘട്ടം എന്നിൽ നിന്ന് മുറിച്ചു മാറ്റപ്പെട്ടപോലെ തോന്നി. ഞാൻ എന്ന അദ്ധ്യാപകനെ പരുവപ്പെടുത്തിയതിൽ JP സാറിൻ്റെ   പങ്ക് ഏറെ വലുതാണ്. ശാന്തമായി ഏത് പ്രതിസന്ധിയെയും നേരിടാൻ, നർമത്തിലൂടെ കാര്യങ്ങൾ അവതരിപ്പിക്കാൻ, passionate ആയി സാഹിത്യത്തെ പഠിപ്പിക്കാൻ, ഇഷ്ടത്തോടെ ഭക്ഷണം കഴിക്കാൻ, ചെയ്യുന്ന പ്രവർത്തി എന്തായാലൂം  അത് നന്നായി ചെയ്യാനായി... അങ്ങനെ ഒരുപാട് കാര്യങ്ങൾ  അദ്ദേഹം ശീലിപ്പിച്ചു. JP സാർ എനിക്ക് എന്നും ഒരു അദ്‌ഭുതം തന്നെയായിരുന്നു. 

മരണത്തിൻ്റെ മുന്നിലും നർമ്മബോധം അദ്ദേഹം കൈവിട്ടില്ല എന്ന് ബഹുമാനപ്പെട്ട തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ ബോധ്യപ്പെട്ടു. ഇനി ഒരു മടക്കം ഇല്ല എന്ന് തിരിച്ചറിഞ്ഞ സാർ തിരുമേനിയോട് ഒരു നല്ല 'ചരമപ്രസംഗം' തയ്യാറാക്കി വെക്കാൻ ആവശ്യപ്പെട്ടിരുന്നു. അവസാനമായി കണ്ടപ്പോഴും ആ മുഖത്ത് തികഞ്ഞ ശാന്തഭാവം ആയിരുന്നു. അനുവദിച്ച സമയം പൂർത്തിയാക്കി, കടമകൾ നിറവേറ്റി അദ്ദേഹം യാത്രയായി. അവിടെ കൂടിയിരുന്ന എല്ലാവർക്കും സാറിനെക്കുറിച്ചു  നല്ല ഓർമ്മകൾ മാത്രമായിരുന്നു പറയാനുണ്ടായിരുന്നത്. ജോൺ ഫിലിപ്പ് സാർ തന്നെ പഠിപ്പിച്ച Wordsworth  കവിതയിലെ രണ്ട് വരികൾ എഴുതി അവസാനിപ്പിക്കുന്നു…. “The thought of our past years in me doth breed Perpetual benediction….” Sir, you will always live in the hearts of many….RIP dear Sir...

സ്നേഹപൂർവ്വം 

രഞ്ജിത്ത് കൃഷ്ണൻ

Comments
* The email will not be published on the website.