22 Feb

കഴിഞ്ഞ ആഴ്ച ഒരു ക്രിക്കറ്റ് പ്രേമി എന്ന നിലയിൽ ഏറ്റവും സന്തോഷം തന്ന വാർത്തയായിരുന്നു കേരള ക്രിക്കറ്റ് ടീം രഞ്ജി ട്രോഫിയുടെ ഫൈനലിലേക്ക് യോഗ്യത നേടിയെന്നത്. കേരളം എന്ന പേരിൽ രഞ്ജി കളിയ്ക്കാൻ തുടങ്ങിയിട്ട് ഏകദേശം എഴുപതോളം വർഷങ്ങളായി. പാലിയത്ത് രവിയച്ചൻ, ബാലൻ പണ്ഡിറ്റ് തുടങ്ങിയ പ്രശസ്ത കളിക്കാരുടെ പേരുകൾ കേട്ടിട്ടുണ്ടെങ്കിലും കേരള ക്രിക്കറ്റിനെക്കുറിച്ചുള്ള എന്റെ ഓർമ്മകൾ ആരംഭിക്കുന്നത് തൊണ്ണൂറുകളിലാണ്. 

വെള്ളായണി കാർഷിക കോളേജിന്റെ ഗ്രൗണ്ടിലും, മണ്ണുത്തിയിലും, തുമ്പ കോളേജ് ഗ്രൗണ്ടിലുമൊക്കെയായി നടന്നിരുന്ന രഞ്ജി മത്സരങ്ങൾ ആകാശവാണിയിലൂടെയാണ് ഞങ്ങളിലേക്ക് എത്തിയിരുന്നത്. നാരായണൻകുട്ടി എന്ന ഓപ്പണിങ് ബാറ്റ്സ്മാൻ, സുന്ദർ, റാം പ്രകാശ്, സതീഷ്, അജയ് കുടുവ, ഫിറോസ് വി. റഷീദ്, അങ്ങനെ ഒരുപാട് പേര് ഒപ്പം ഒരിക്കലും മറക്കാൻ കഴിയാത്ത ലെഗ് സ്പിന്നർ സാക്ഷാൽ അന്തപദ്മനാഭൻ. സുനിൽ ഒയാസിസ്, ശ്രീകുമാർ നായർ പോലെയുള്ള കളിക്കാർ പിന്നാലെയും.   

സ്പിന്നേഴ്‌സിന്റെ മികവിൽ വല്ലപ്പോഴും ലഭിക്കുന്ന ജയങ്ങളിൽ ഞങ്ങൾ ഏറെ ആഹ്ളാദിച്ചിരുന്നു. അപ്പോഴൊക്കെയും ഒരു പരിഭവം ബാക്കി നിന്നു. ഞങ്ങൾ സുഹൃത്തുക്കൾ തമ്മിൽ സംസാരിക്കുമ്പോൾ നമ്മുടെ കേരളത്തിൽ നിന്ന് മാത്രം ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് ഒരാൾ എത്തുന്നില്ലല്ലോ എന്ന ഖേദം. അതിനു ഒരു കാരണം രഞ്ജിയിൽ കേരളം ഒരിക്കലും സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ച വെച്ചിരുന്നില്ല എന്നതാണ്. 

സുനിൽ വാൽസൻ എന്നൊരു മലയാളി 1983 ലോകകപ്പ് ജേതാക്കളായ ടീമിൽ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. പക്ഷെ അദ്ദേഹം ക്രിക്കറ്റ് കളിച്ചത് തമിഴ് നാടിനും, റെയിൽവെയ്സിനുമൊക്കെ വേണ്ടിയായിരുന്നു. തിരുവനന്തപുരത്ത് ജനിച്ച ഭാസ്കർ പിള്ള എന്ന ക്രിക്കറ്ററും കളിച്ചത് ഡൽഹി ടീമിലായിരുന്നു. അദ്ദേഹത്തിനാകട്ടെ നിർഭാഗ്യം കൊണ്ട് ഇന്ത്യക്ക് വേണ്ടി കളിയ്ക്കാൻ കഴിഞ്ഞതുമില്ല. പിന്നീട് വന്ന അജയ് ജഡേജയും, എബി കുരുവിളയും ജന്മം കൊണ്ട് മലയാളി ബന്ധമുണ്ടെന്ന് നമ്മൾ സമാധാനിച്ചു. അനിൽ കുംബ്ലെ എന്ന വടവൃക്ഷം നിറഞ്ഞു നിന്നതിനാൽ അന്തപദ്മനാഭനെ പലപ്പോഴും സെലക്ഷൻ കമ്മിറ്റി തഴയുകയും ചെയ്തു. ഒടുവിൽ ടിനു യോഹന്നാൻ എന്ന ഫാസ്റ്റ് ബൗളറിന്റെ രൂപത്തിൽ ആ ഭാഗ്യം കേരളത്തിന് കൈവന്നു. ഇംഗ്ളണ്ടിനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ടിനുവിന് ടീമിൽ സ്ഥിരമായി തുടരാൻ കഴിഞ്ഞില്ല. എന്നാൽ പിന്നീടൊരു ആഘോഷമായി മാറിയത് ശ്രീശാന്ത് എന്ന കൊച്ചിക്കാരൻ ബൗളർ ഇന്ത്യൻ ടീമിലെത്തിയതോടെയാണ്. ടെസ്റ്റിലും, ഏകദിനത്തിലും, T20-യിലുമൊക്കെ  ശ്രീശാന്ത് കേരള ക്രിക്കറ്റിന്റെ മേൽവിലാസമായി മാറി. ലോകകപ്പ് ജയം സംഭവിച്ചത് പോലും അദ്ദേഹം എടുത്ത ക്യാച്ചിലൂടെയാണ്. എന്നാൽ ശ്രീശാന്തിന്റെ വീഴ്ചയും പെട്ടെന്ന് തന്നെ സംഭവിക്കുന്ന കാഴ്ചയാണ് നമ്മൾ പിന്നീട് കണ്ടത്. ഏതാണ്ട്  ഇതേ കാലയളവിലാണ് സഞ്ജു സാംസന്റെ ഉദയം. വളരെ വേഗം തന്നെ അദ്ദേഹം കേരത്തിന്റെ ഒരു പ്രധാന ബാറ്ററായി മാറി. അധികം താമസിക്കാതെ ഇന്ത്യൻ ടീമിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 

ശ്രീലങ്കൻ ടീമിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ഡേവ് വാട്ട്മോർ കേരളത്തിന്റെ കോച്ചായി 2017 കാലഘട്ടത്തിൽ എത്തിയതോടെയാണ് തലവര മാറാൻ തുടങ്ങിയത്. ആ വർഷം കേരളം രഞ്ജി ചരിത്രത്തിൽ ആദ്യമായി ക്വാർട്ടറിൽ എത്തുകയും പിറ്റേ വർഷം സെമിയിൽ എത്തുകയും ചെയ്തു. ഒരുപാട് പ്രതീക്ഷകൾ നൽകിയെങ്കിലും പിന്നീടുള്ള വർഷങ്ങളിൽ കേരളത്തിന് മുന്നേറാൻ കഴിഞ്ഞില്ല. എന്നാൽ ഈ വർഷം ആദ്യമായി കേരളം രഞ്ജി ട്രോഫിയുടെ ഫൈനൽ കളിക്കാനുള്ള യോഗ്യത നേടിയിരിക്കുകയാണ്. എന്നെപ്പോലെയുള്ള അനേകം മലയാളി ക്രിക്കറ്റ് പ്രേമികളുടെ ഏറ്റവും വലിയ സ്വപ്നനിമിഷമാണിത്. ക്വാർട്ടറിലും, സെമിയിലും ജയം അല്പം ഭാഗ്യം കൊണ്ട് കൂടിയാണെങ്കിലും ഈ ടീം അത് അർഹിക്കുന്നു. 

അമെയ് ഖുറേസിയ എന്ന മാന്തികന്റെ നേതൃത്വത്തിൽ കേരളം രഞ്ജി ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ്. സച്ചിൻ ബേബിയുടെ നേതൃത്വത്തിൽ, ജലജ് സക്സേന, രോഹൻ കുന്നുമ്മൽ, സൽമാൻ നിസാർ, മുഹമ്മദ് അസറുദീൻ M D നിധീഷ്, ബേസിൽ തമ്പി, ആദിത്യ സർവാത്തെ തുടങ്ങിയവർക്ക് മികച്ച രീതിയിൽ ഫൈനലിൽ കളിയ്ക്കാൻ കഴിയട്ടെ...68 വർഷത്തെ കാത്തിരുപ്പ് സാർത്ഥകമാകട്ടെ എന്ന് ആശംസിക്കുന്നു. ആകാശവാണിയിലൂടെ 'കമന്ററി' കേട്ടിരുന്ന ഞങ്ങൾക്ക് ഇന്ന് 'സ്റ്റാർ സ്പോർട്സി'ലും 'ജിയോ സിനിമ'യിലുമൊക്കെ കേരളം കളിക്കുന്നത് തത്സമയം കാണാൻ കഴിയുന്നു എന്നത് തന്നെ ഒരു വലിയ അഭിമാനമാണ്. ധീരമായി പോരാടുക...You’ve conquered our hearts, just play well…. All the very best.

സ്നേഹപൂർവ്വം 

രഞ്ജിത്ത് കൃഷ്ണൻ 

Comments
* The email will not be published on the website.