09 Aug


ചിലതു ഒരു നിയോഗമാണ്. ഇന്ന് ഞാൻ ബിഷപ്പ് മൂർ കോളേജിൽ പോയപ്പോൾ അങ്ങനെ ഒരു ചിന്ത എന്നിലേക്ക്‌ ഓടിയെത്തി. ഇരുപതു വർഷങ്ങൾക്കു മുമ്പ്  2001ലെ ജൂലൈ മാസത്തിലാണ് ഞാനും എൻ്റെ പ്രിയ സുഹൃത്ത് ഹരിയും കൂടി അല്പം സങ്കോചത്തോടെ ബിഷപ്പ് മൂർ കോളേജിൻ്റെ ഗേറ്റ് കടന്നു ചെന്നത്. എന്തായിരുന്നു ആ പൊടിമീശക്കാരുടെ ആവശ്യം? കായംകുളം  MSM കോളേജിൽ നിന്നും BA English പാസ്സായ ഞങ്ങൾക്ക് ബിഷപ്പ് മൂറിൽ MA English-നു അഡ്മിഷൻ കിട്ടുമോ എന്നറിയാനായിരുന്നു ആ യാത്ര. ഉള്ളിലുള്ള ആഗ്രഹം MSM-ൽ തന്നെ MA ചെയ്യാനായിരുന്നു, എന്നാൽ ആ വർഷം മാത്രമാണ് അവിടെ കോഴ്സ് അനുവദിച്ചു കിട്ടിയത്. അത് കൊണ്ട് തന്നെ അല്പം വൈകാൻ സാധ്യതയുണ്ട്  എന്ന് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞു. പിന്നെ അടുത്തുള്ള കോളേജ് ബിഷപ്പ് മൂറായിരുന്നു. Pre-Degree അഡ്മിഷൻ ഒരിക്കൽ കിട്ടിയതാണവിടെ. പക്ഷെ അന്ന് പോകാൻ കഴിഞ്ഞില്ല. ഡിഗ്രിക്ക് ഒട്ടു apply ചെയ്തതുമില്ല. ബിഷപ്പ് മൂർ സ്കൂളിൽ പഠിച്ച എനിക്ക് കോളേജ് മാത്രം അങ്ങനെ പിടി തരാതെ ഒഴിഞ്ഞു മാറി നിന്നു. 

പടികൾ കയറി ചെന്നപ്പോൾ കാണുന്നത് ‘Department of English’ എന്ന ബോർഡാണ്. ഭയത്തോടെ ഹാഫ് ഡോർ തുറന്നപ്പോൾ ഭാഗ്യം - അധികം ആരുമില്ല. ആരെ കാണണം എന്ന ചോദ്യത്തിന് HoD-യെ  എന്ന് പറഞ്ഞൊപ്പിച്ചപ്പോൾ, “സാർ ഫൈനൽ ഇയർ ക്ലാസ്സിലുണ്ട്” എന്ന് മറുപടി കിട്ടി. Department-നു തൊട്ടപ്പുറത്തുള്ള ക്ലാസ്സ്‌റൂം ആണ് ഫൈനൽ ഇയർ കുട്ടികളുടെ സ്വന്തം മുറി. ചെന്നപ്പോൾ അല്പം പ്രായമുള്ള എന്നാൽ ചുറുചുറുക്കുള്ള ഒരാൾ ക്ലാസ്സെടുക്കുന്നു. ഞങ്ങളെ കണ്ടതും “എന്ത് വേണം” എന്ന ചോദ്യവുമായി അദ്ദേഹം ഇറങ്ങി വന്നു. "സാർ, ഇവിടെ അഡ്മിഷൻ കിട്ടുമോ എന്നറിയാൻ വന്നതാണ്" - തുടർന്ന് അദ്ദേഹം ഞങ്ങളുടെ details ഒക്കെ ചോദിച്ചു. "നിങ്ങൾ ധൈര്യമായി പോര്... മുൻവർഷങ്ങളിലെ വെച്ച് നോക്കുമ്പോൾ രണ്ടു പേർക്കും ഉറപ്പായും കിട്ടും"... മനസ്സിലേക്ക് കുളിരു കോരിയിട്ട വാക്കുകൾ ആയിരുന്നു അവ. പറഞ്ഞത് മറ്റാരുമല്ല, അന്നത്തെ HoD ആയിരുന്ന പ്രിയപ്പെട്ട ഹരിലാൽ സാർ. ആ കൂടിക്കാഴ്ച ഞങ്ങൾക്കു ഏറെ ആത്മവിശ്വാസം നൽകി. സാറുമായുമുള്ള ഒരു ആത്മബന്ധത്തിൻ്റെ തുടക്കമായി അത് മാറി. ഇന്ന് നമ്മോടൊപ്പം അദ്ദേഹം ഇല്ല - ഞങ്ങളുടെ കൂടെ ഹൈദരാബാദിൽ വന്ന, പിജി തീസിസിൽ ഒപ്പിട്ട, ഹാംലെറ് എന്ന നാടകം പഠിപ്പിച്ച സാർ എന്നും ഒരു ഓർമയായി കൂടെ തന്നെ ഉണ്ട്. ഹരിലാൽ സാർ പറഞ്ഞപോലെ ഹരിക്കും എനിക്കും അവിടെ അഡ്മിഷൻ കിട്ടി. 

ഇന്നേക്ക് ഇരുപതു വർഷം മുമ്പ്, ഓഗസ്റ്റ് മാസത്തിൽ ഞങ്ങൾ അവിടെ MA വിദ്യാർത്ഥികളായി. അഡ്മിഷൻ കഴിഞ്ഞു ചെന്ന് കയറിയത് മറ്റൊരു സിംഹത്തിൻ്റെ മടയിൽ - സാക്ഷാൽ ജോൺ ഫിലിപ്പ് സാർ. “Learn something the hard way” എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ഫിലോസഫി. ഒരുപാട് പരാതികൾ അന്ന് മനസ്സിൽ തോന്നിയിരുന്നെങ്കിലും ഇന്ന് ഞാൻ തിരിച്ചറിയുന്നു അദ്ദേഹത്തിലൂടെ ഞാൻ പഠിച്ചത് ജീവിതത്തിൻ്റെ വലിയ പാഠങ്ങളായിരുന്നു എന്നത്. ഇന്ന് ഞാൻ കുട്ടികളെ പഠിപ്പിക്കുമ്പോഴും, അവരോടൊപ്പം പഠനയാത്രകൾ പോകുമ്പോഴും ഒക്കെ സാറിനെ ഞാൻ സ്മരിക്കാറുണ്ട്. "കുട്ടികളെ ഇവിടെ MA-ക്കു ആൺകുട്ടികൾ വാഴില്ല” എന്നും “നിങ്ങളെങ്കിലും ഈ കോഴ്സ് പൂർത്തിയാക്കണെ" എന്ന് പറഞ്ഞ ആച്യമ്മ മിസ്സായിരുന്നു ഞങ്ങളെ അദ്‌ഭുതപ്പെടുത്തിയ മറ്റൊരു അദ്ധ്യാപിക. ജോൺ മിൽട്ടൺ എന്ന പ്രതിഭയുടെ  ‘Paradise Lost’ എന്ന കൃതി മനോഹരമായി പഠിപ്പിച്ച മിസ്സ്‌, ഇംഗ്ലീഷ് ഗ്രാമറിലെ അവസാന വാക്കായിരുന്നു. പിന്നീട് literary theory- യുടെ ലോകം ആദ്യമായി തുറന്നു തന്ന ഏറെ പ്രിയപ്പെട്ട പ്രഭാമിസ്സ്, ജോൺ ഡൺ-ൻ്റെ കവിതകൾ പഠിപ്പിച്ച സ്നേഹിച്ചും, കലഹിച്ചും, മതിയാകാതെ നമ്മളെ വിട്ടു പോയ ഷേർളി മിസ്, സാഹിത്യം എങ്ങനെ പഠിപ്പിക്കണം എന്ന് തെളിയിച്ച സ്നേഹം മാത്രം തന്നിട്ടുള്ള ജിജി മിസ്, ബേക്കണിൽ തുടങ്ങി ആർതർ മില്ലർ വരെ എത്തിച്ച സാമുവേൽ സാർ, ‘Canterbury Tales’ അനശ്വരമാക്കിയ ആൻ മിസ്, പിന്നെ പ്രിയപ്പെട്ട Guest Lecturers ആയിരുന്ന ഇന്ദു മിസ്, റെബേക്ക മിസ്, പ്രിയാമിസ്, ശ്രീജാ മിസ് ... അങ്ങനെ എത്ര പേര്… 

ഇന്ന് വീണ്ടും ഞാൻ ബിഷപ്പ് മൂർ കോളേജിൻ്റെ പടികൾ കയറിയപ്പോൾ ആൻ മിസ്സാണ് ഇംഗ്ലീഷ് വിഭാഗം മേധാവി എന്നതും സന്തോഷം പകർന്നു. ആൻ മിസ്സിനെ കാണുന്നത് എന്നും ഒരു പ്രത്യേകതയാണ്... ഒരുപാടു കാര്യങ്ങൾക്കു പ്രചോദനം നൽകുന്ന ആളാണ് മിസ്സ്‌. 20 വർഷം മുമ്പത്തെ വിദ്യാർത്ഥി വീണ്ടും ഒരുപാടു കാലം പിറകോട്ടു നടന്നു ഇന്ന്. ഹരി, ഞാൻ, സോണിയ, ബ്ലെസി, രേഖ, ദീപ്തി, ഇപ്പോൾ ബോംബയിൽ താമസിക്കുന്ന രാജലക്ഷ്മി - അങ്ങനെ ഏഴു പേര് മാത്രമുള്ള ക്ലാസ്. ഒരുപാടു ഓർമ്മകൾ സമ്മാനിച്ച രണ്ടു വർഷങ്ങൾ. അതിനെക്കുറിച്ചു മറ്റൊരിക്കൽ എഴുതാം. 

2003-ൽ PG പൂർത്തിയാക്കിയ ഞങ്ങളിൽ നാലു പേര് അവിടെ തന്നെ Guest Lecturers ആയി ജോയിൻ ചെയ്തു. പ്രഭാമിസ് നൽകിയ ഒരു ആത്മധൈര്യം, ഒപ്പം ഹരിയും എൻ്റെ മറ്റു സുഹൃത്തുക്കളും പകർന്ന ആത്മവിശ്വാസം, ഞാൻ എന്ന അധ്യാപകന് മുന്നോട്ടു പോകാനുള്ള വഴി കാണിച്ചു തന്ന എൻ്റെ പ്രിയപ്പെട്ട വിദ്യാർഥികൾ (ആദ്യമായി "സാർ" എന്ന് വിളിച്ച ദേവി, ആ വിളി സത്യത്തിൽ എന്നെയാണ് എന്നെനിക്കു ആദ്യം മനസ്സിലായില്ല പക്ഷെ പിന്നീടതൊരു രാശിയായി മാറി) – അന്നത്തെ PG, III DC, B.Com, Biotechnology കുട്ടികൾ… ഞാൻ പഠിച്ച കോളേജിലേക്ക് ഒരിക്കൽ കൂടി എത്താൻ കഴിഞ്ഞതിൽ ഏറെ ആഹ്ളാദിക്കുന്നു.. അത് ഞാൻ PG- ക്കു join ചെയ്തതിൻ്റെ ഇരുപതാം വർഷത്തിൽ തന്നെയായതു ഒരു അദ്‌ഭുതമായി തോന്നുന്നു. കാലം പുഴ പോലെ മുന്നോട്ടു ഒഴുകട്ടെ.. എന്നെ പഠിപ്പിച്ച എല്ലാ ഗുരുക്കന്മാർക്കും ഹൃദയം കൊണ്ട് ഒരു നമസ്കാരം... ഞാൻ അവിടെ പഠിപ്പിച്ച എൻ്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളെ, (അതിൽ ഏറെപ്പേരും ഇന്നും എന്നെ വിളിക്കാറുണ്ട്, ഓർക്കാറുണ്ട് എന്നുള്ളത് ഒരു പുണ്യമായി വിചാരിക്കുന്നു) നിങ്ങളെയും ഞാൻ ഓർക്കുന്നു. അനശ്വരനായ ഗബ്രിയേൽ ഗാർഷ്യ മാർക്വിസ് പറഞ്ഞപോലെ "ജീവിതത്തിൽ നമുക്ക് എന്ത് സംഭവിച്ചു എന്നതിനല്ല പ്രാധാന്യം പകരം അത് നിങ്ങൾ എന്തിനു ഓർക്കുന്നു എങ്ങനെ ഓർക്കുന്നു എന്നതിനാണ്". എൻ്റെ ഇന്നിലേക്കുള്ള യാത്ര തുടങ്ങിയത് ഇവിടെ നിന്നാണ്... അത് ഇന്നും അനുസ്യൂതം തുടരുന്നു...

സ്നേഹപൂർവ്വം


രഞ്ജിത്ത് കൃഷ്ണൻ കെ ആർ

Comments
* The email will not be published on the website.